This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര്‍ക്ക്, സര്‍ ഡുഗാള്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാര്‍ക്ക്, സര്‍ ഡുഗാള്‍ഡ്

Clerk, Sir Dugald (1854 - 1932)

സ്കോട്ടിഷ് എന്‍ജിനീയര്‍. 1854 മാ. 31-ന് ജനിച്ചു. ഗ്ലാസ്ഗോയിലെ ആന്റേഴ്സോണിയന്‍ കോളജിലും യോര്‍ക്ക്ഷയര്‍ കോളജിലും വിദ്യാഭ്യാസം നടത്തി. ആന്തരദഹനയന്ത്ര(Internal Combustion Engine)ത്തിന്റെ വികാസത്തില്‍ ഇദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്കി. വാതകങ്ങളുടെ സ്ഫോടക മര്‍ദത്തെക്കുറിച്ചും ആപേക്ഷികതാപത്തെക്കുറിച്ചും ക്ലാര്‍ക്ക് നടത്തിയ ഗവേഷണങ്ങള്‍ താപഗതികശാസ്ത്രത്തിന്റെ വികാസത്തിനു വഴിയൊരുക്കി. 1876-ല്‍ തന്റെ ആദ്യവാതകയന്ത്രം നിര്‍മിച്ചശേഷം 12 വര്‍ഷക്കാലം ഇദ്ദേഹം വാതകയന്ത്രങ്ങളെക്കുറിച്ചുളള ഗവേഷണത്തില്‍ മുഴുകി. 1881-ല്‍ ഒരു ഇരു-സ്റ്റ്രോക്ക് വാതകയന്ത്ര (Two strokegas Engine)ത്തിന്റെ പേറ്റന്റ് നേടുകയും അതു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 1881-ല്‍ സര്‍ ജി.സി. മാര്‍ക്കുമായി ചേര്‍ന്ന് കൂട്ടുപങ്കാളിത്തത്തില്‍ ഇദ്ദേഹം കണ്‍സള്‍ട്ടിങ് എന്‍ജിനീയറിങ് സര്‍വീസും, പേറ്റന്റ്ഏജന്‍സിയും ആരംഭിച്ചു.

നാഷണല്‍ ഗ്യാസ് എന്‍ജിന്‍ കമ്പനിയുടെ ഡയറക്ടറായി നിയമിതനായ ക്ലാര്‍ക്ക് 1908-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ക്ലാര്‍ക്കിന്റെ ദ് ഗ്യാസ്, പെട്രോള്‍ ആന്‍ഡ് ഓയില്‍ എന്‍ജിന്‍ എന്ന ഗ്രന്ഥം വിശ്വപ്രസിദ്ധിനേടി. 'ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് സിവില്‍ എന്‍ജിനീയേഴ്സി'ന്റെ പ്രസിഡന്റായി 1932-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം ന. 12-ന് ക്ലാര്‍ക്ക് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍